ഒട്ടോമന് സാമ്രാജ്യഭരണകാലത്ത് തുര്ക്കിയിലെ ഇസ്താംബൂളില് ചക്രവര്ത്തിയായ സുല്ത്താന് ഫതിഹ് മെഹമ്മദ് 1450-കളില് പണി കഴിപ്പിച്ചതും ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രവും വിനോദസഞ്ചാര കേന്ദ്രവുമായി മാറിയ ഗ്രാന്ഡ് ബസാര് ബസാറിന്റെ നിര്മ്മാണത്തില് നിരത്താനുള്ള മാര്ബിളുമായി പൊട്ടിപ്പൊളിഞ്ഞ പത്തേമാരിയില് വരുന്ന ഹ്രിസ്റ്റോ ആഘയുടെ ജീവിതത്തില് നിന്ന് തുടങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ടില് ഈ ഗ്രാന്ഡ് ബസാറിന്റെ ചരിത്രം പഠിച്ചുവന്ന ലതിഫി പൊയ്പ്പോയ ആറുനൂറ്റാണ്ടുകളില് കുഴിച്ചു മൂടപ്പെട്ട ഒട്ടോമന് അധപതനത്തിന്റെ യാഥാര്ത്ഥ്യത്തെ ഇന്നത്തെ തലമുറയ്ക്ക് തുറന്നുകാട്ടുന്നത് വരെയുള്ള വിശാലമായ കഥാപശ്ചാത്തലം. മുങ്ങിപ്പോയ പത്തേമാരിയില് നിന്നും രക്ഷപ്പെട്ട് ഇസ്തംബൂളിലെത്തി ഗ്രാന്ഡ് ബസാറിന്റെ ഭാഗമായി മാറിയ നിരവധി ജീവിതങ്ങളെയും കല്ലുകള്ക്കും ജീവനുണ്ട് എന്ന് സ്ഥാപിക്കുന്ന സന്ദര്ഭങ്ങളെയും യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴം പുനര്സൃഷ്ടിച്ചുകൊണ്ട് സുല്ത്താന്റെ ഘാതകരെ കണ്ടെത്താനുള്ള ജ്ഞാനിയായ പിര്-ന്റെ നാടകീയമായ ശ്രമങ്ങളെയും കണ്ണിചേര്ത്തെഴുതിയ കൗതുകാത്മകമായ നോവല്.