*COD & Shipping Charges may apply on certain items.
Review final details at checkout.
₹125
₹155
19% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഇന്ത്യയുടെ ചരിത്രത്തിലെ വിവിധ ഘട്ടങ്ങളിലായി സമൂഹത്തില്‍ നവീകരണപ്രസ്ഥാനങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഓരോ സാമൂഹ്യ വ്യവസ്ഥയും രൂപംകൊള്ളുന്നത് അതാതിടത്തെ ഉല്‍പ്പാദനരീതിയുമായി ബന്ധപ്പെട്ടുകൊണ്ടാണ്. ഉല്‍പ്പാദനരീതിയില്‍ വരുന്ന മാറ്റത്തിനനുസരിച്ച് സാവധാനത്തില്‍ സാമൂഹ്യവ്യവസ്ഥയിലും മാറ്റം വരും. ഇത്തരത്തില്‍ ഒരുല്‍പ്പാദനരീതി മറ്റൊന്നിലേക്ക് പരിണമിക്കുന്ന സംക്രമണദശയില്‍ ചില സമൂഹങ്ങളില്‍ ചില സവിശേഷപ്രതിഭാസങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഏതു രാജ്യത്തിലായാലും വ്യത്യസ്ത രൂപങ്ങളില്‍ ഈ പ്രതിഭാസം പ്രകടമായിട്ടുണ്ട്. സ്ഥാപിതവ്യവസ്ഥയ്‌ക്കെതിരെ പ്രതിഷേധമുയര്‍ത്തുക മാറ്റങ്ങള്‍ക്കുവേണ്ടി നിലകൊള്ളുക എന്നത് ഏതൊരു സംസ്‌കാരത്തിന്റെ വളര്‍ച്ചക്കിടയിലും സംഭവ്യമായ ഒന്നാണ്. ഇന്ത്യയില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഇത്തരം പ്രതിഷേധസ്വരങ്ങളും പരിഷ്‌കരണശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിനുള്ള വകയൊരുക്കിക്കൊടുത്തത് ഹൈന്ദവമതവും ആ മതം സൈദ്ധാന്തിക സാധൂകരണം നല്‍കിയ ജാതിവ്യവസ്ഥയുമായിരുന്നു. ദുഷിച്ചതും ജീര്‍ണ്ണിച്ചതുമായ ആചാരാനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അവയുടെ ബലത്തില്‍ സമൂഹത്തില്‍ മേലാളസ്ഥാനം നേടിയ വര്‍ഗ്ഗത്തിനും എതിരെയായിരുന്നു ഈ പ്രതിഷേധങ്ങള്‍. അതിനാല്‍ത്തന്നെ ഇന്ത്യയിലെ നവീകരണപ്രസ്ഥാനങ്ങള്‍ക്ക് പൊതുവെ മത-ജാതി പരിഷ്‌കരണസ്വഭാവം കൈവന്നു. അതേസമയം അവയുടെ ഭൗതികാടിത്തറയ്ക്ക് മാറ്റമുണ്ടായിരുന്നില്ല.ക്രിസ്തുവിന് മുന്‍പ് ആറാം നൂറ്റാണ്ടില്‍ ഇന്ത്യയിലുദയം ചെയ്ത ബുദ്ധ-ജൈന-ചാര്‍വാക സിദ്ധാന്തപദ്ധതികള്‍ ഇത്തരത്തിലുള്ള പ്രസ്ഥാനങ്ങളായിരുന്നു; കാര്‍ഷികവൃത്തിയിലേക്ക് അതിവേഗം പുരോഗമിച്ചുകൊണ്ടിരുന്ന സമൂഹത്തില്‍ സാമൂഹ്യവിരുദ്ധമായി നിലനിന്നിരുന്നവയോടുള്ള പ്രതിഷേധമായിട്ടാണ് ബുദ്ധമതം ഉയര്‍ന്നുവന്നത്. 'സമൂഹത്തിലെ ദുരവസ്ഥകളെയും അതിനെ നിവാരണം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങളെയും അപഗ്രഥിക്കുന്ന ശാസ്ത്രീയസമീപനമായിരുന്നു' ബുദ്ധന്റേത്. ക്രിസ്തുവിന് ശേഷം ആറ് ഏഴ് നൂറ്റാണ്ടുകളില്‍ ദക്ഷിണേന്ത്യയില്‍ ഭക്തിപ്രസ്ഥാനം ഉയര്‍ന്നു വന്നതാകട്ടെ ജന്മി-നാടുവാഴി സമ്പ്രദായത്തിന്റെ വികാസവുമായി ബന്ധപ്പെട്ടാണ്. ജന്മി-നാടുവാഴി ഘട്ടത്തില്‍ ദൃഢപ്പെടുത്തിയ സാമൂഹ്യരൂപമാണ് ജാതിവ്യവസ്ഥ. ഈ സാമ്പത്തിക-സാമൂഹ്യാടിത്തറയിലാണ് ശൈവ-വൈഷ്ണവ-ശാക്തേയ ധാരകളുള്‍ച്ചേര്‍ന്നിരിക്കുന്ന ഹിന്ദുമതം ജന്മംകൊണ്ടത്.പില്‍ക്കാലത്ത് വീണ്ടും സാമൂഹ്യ-മതപരിഷ്‌കരണപ്രസ്ഥാനങ്ങള്‍ ഇന്ത്യയില്‍ ഉദയംചെയ്തു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ കര്‍ണാടകത്തില്‍ ഉയര്‍ന്നുവന്ന വീരശൈവമതം വേദങ്ങളുടെ ആധികാരികതയെയും ബ്രാഹ്മണപുരോഹിതരുടെ അധികാരത്തെയും എതിര്‍ത്തു; സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം പുനര്‍നിര്‍ണ്ണയിക്കണമെന്ന് വാദിച്ചു; സ്ത്രീപുരുഷസമത്വത്തിനു വേണ്ടി നിലകൊണ്ടു; വിധവാ പുനര്‍വിവാഹം വേണ്ടതാണെന്നും ബാലവിവാഹം പാടില്ലെന്നും പറഞ്ഞു; ഈ കാലഘട്ടത്തില്‍ത്തന്നെ ഉയര്‍ന്നുവന്ന ഭക്തിപ്രസ്ഥാനത്തിലാകട്ടെ സമത്വസുന്ദരമായ ജാതിമതഭേദങ്ങളില്ലാത്ത സമൂഹത്തിന് വേണ്ടി ആഹ്വാനം ചെയ്തു; പുരോഹിതമേധാവിത്വത്തെയും ബിംബാരാധനയെയും അന്ധവിശ്വാസങ്ങളെയും എതിര്‍ത്തു. സ്ത്രീകളുടെ സമൂഹത്തിലെ പദവി മെച്ചപ്പെടണമെന്നും അവര്‍ വിദ്യാഭ്യാസം നേടണമെന്നും പറഞ്ഞു.ബുദ്ധനും വര്‍ദ്ധമാനനും പാലി ഭാഷ ഉപയോഗിച്ചപ്പോള്‍ ദേവഭാഷയുടെ കടന്നുകയറ്റമുണ്ടായിട്ടും തമിഴകത്തെ ആഴ്‌വാര്‍മാരും നായനാര്‍മാരും ശുദ്ധതമിഴില്‍ ഭക്തിഗീതങ്ങള്‍ പാടി; കര്‍ണ്ണാടകത്തിലും പില്‍ക്കാലത്ത് ചൈതന്യന്റെയും മീരയുടെയും ഗുരുനാനാക്കിന്റെയും കബീറിന്റെയും ദേശങ്ങളിലും അതത് പ്രാദേശിക ഭാഷകളിലാണ് ഈ പരിഷ്‌കര്‍ത്താക്കള്‍ സംവദിച്ചത്; പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യയിലും ധൈഷണികസമൂഹം സാമൂഹ്യ പരിഷ്‌കാരപ്രസ്ഥാനങ്ങള്‍ തുടങ്ങിവെച്ചപ്പോള്‍ പ്രാദേശിക ഭാഷകളുടെ പരിപോഷണത്തിന് പ്രഥമപ്രാധാന്യം നല്‍കിയിരുന്നല്ലോ.1360-നും 1470-നും ഇടയില്‍ ജീവിച്ചിരുന്ന രാമാനന്ദനില്‍ സമൂഹ വിമര്‍ശനവും ഭക്തിയും ഒരുപോലെ ഇഴചേര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്‍ കബീറാകട്ടെ ഹിന്ദുമതത്തിലെയും ഇസ്ലാം മതത്തിലെയും യാഥാസ്ഥിതികത്വത്തെ നിശിതമായി കുറ്റപ്പെടുത്തി; കര്‍ഷകരും കൈവേലക്കാരും അയിത്തജാതിക്കാരും അദ്ദേഹത്തില്‍ ആകൃഷ്ടരായി. ഇത് അന്നത്തെ സ്ഥാപിതവ്യവസ്ഥിതിക്കുനേരെയുള്ള ഉറച്ച ആക്രമണമായിരുന്നു. കബീറിന്റെ ശിഷ്യന്‍ ഡാഡുവിന്റെ അനുയായികളായ ഡാഡുപന്ഥികള്‍ രാജസ്ഥാനിലെ ഏറ്റവും ശക്തരായ കീഴ്ജാതിക്കാരായിരുന്നു. ഇവരില്‍ക്കൂടിയെല്ലാം ഹിന്ദി പഞ്ചാബി രാജസ്ഥാനി ബംഗാളി ഭാഷകള്‍ സമ്പന്നമായിത്തീരുകയും ചെയ്തു.ഈ പശ്ചാത്തലം മനസ്സില്‍ വച്ചുകൊണ്ടാവണം നമ്മള്‍ 19-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ നവോത്ഥാനത്തെ കാണേണ്ടത്.