സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം മുതലാളിത്ത വ്യവസ്ഥിതിക്കുള്ളില്‍നിന്നുള്ള പ്രവര്‍ത്തനമാണ് അവരുടെ കാഴ്ചപ്പാട് എന്നതിനാല്‍ ഒരു വിപ്ലവസംഘടനയുടെ ആവശ്യമേ ഉദിക്കുന്നില്ല. ആയതിനാല്‍ ജനാധിപത്യ കേന്ദ്രീകരണം അവര്‍ക്ക് വര്‍ജ്ജ്യമാണ്. മുതലാളിത്തത്തെ ഇന്ത്യയില്‍ ബൂര്‍ഷ്വാ ഭൂപ്രഭു വ്യവസ്ഥിതിയെ തകിടംമറിക്കാനും തുടര്‍ന്ന് തല്‍സ്ഥാനത്ത് സോഷ്യലിസത്തെ അവരോധിക്കാനുംവേണ്ടി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിസംഘടന ശക്തമായ ഭരണകൂടത്തിനും ആധിപത്യം പുലര്‍ത്തുന്ന ഭരണവര്‍ഗ്ഗങ്ങള്‍ക്കും എതിരെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ സമരം നടത്താന്‍ സജ്ജമായിട്ടുള്ള ഒന്നായിരിക്കണം.