എഡി 1822 മുതല്‍ 1865 വരെ തെക്കന്‍ തിരുവിതാംകൂറില്‍ മാറിടം മറയ്ക്കാനുള്ള അവകാശത്തിനായി ചാന്നാര്‍ (നാടാര്‍) സ്ത്രീകള്‍ നടത്തിയ പോരാട്ടമാണ് മാറുമറയ്ക്കല്‍ സമരം എന്ന് അറിയപ്പെടുന്നത്. മനുഷ്യാവകാശങ്ങളെ സംബന്ധിച്ച ഉണര്‍വ്വിന്റെയും കീഴാളമനുഷ്യരുടെ ആത്മാഭിമാന സംസ്ഥാപനത്തിന്റെയും അടയാളമാണീ സമരം. ക്രിസ്ത്യന്‍ മിഷനറിമാരുടെ (പ്രൊട്ടസ്റ്റന്റ്) ഇടപെടലിനെ തുടര്‍ന്ന് നാടാര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ സാദ്ധ്യതകള്‍ തുറന്നുകിട്ടി. വിദ്യാഭ്യാസം കൈവന്നതോടെ മനുഷ്യാവകാശങ്ങളെപ്പറ്റിയും അവരില്‍ അവബോധമങ്കുരിച്ചു. മേല്‍മുണ്ട്/റൗക്ക ധരിക്കാന്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രേരണ കൂടിയുണ്ടായതോടെ പൊതുനിരത്തുകളില്‍ മാറിടം മറച്ച് നാടാര്‍ സ്ത്രീകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. 1822 ല്‍ റീജന്റ് മഹാറാണി പാര്‍വ്വതീഭായി നാടുഭരിക്കുമ്പോഴാണ് ഈ സംഭവം. കീഴ്ജാതിക്കാരായ ചാന്നാട്ടികള്‍ മാറുമറച്ച് നിരത്തിലിറങ്ങിയത് അക്കാലത്തെ അധികാരികളെയും സവര്‍ണ്ണരെയും ചൊടിപ്പിച്ചു. നായര്‍ സമുദായത്തില്‍പ്പെട്ട പ്രമാണി വര്‍ഗ്ഗമായിരുന്നു പ്രധാനമായും മാറുമറയ്ക്കലിനെതിരെ രംഗത്തെത്തിയത്. അവര്‍ കൂട്ടം കൂട്ടമായിവന്ന് ചാന്നാര്‍ സ്ത്രീകളുടെ റൗക്കയും മേല്‍മുണ്ടും വലിച്ചുകീറി. ഇത് വലിയ കലാപങ്ങളിലേക്കു നീങ്ങി. ബലാല്‍സംഗങ്ങളും തീവയ്പുകളും അരങ്ങേറി. ബ്രിട്ടീഷുകാരും തിരുവിതാംകൂര്‍ രാജാക്കന്മാരും പലഘട്ടങ്ങളില്‍ മാറുമറയ്ക്കാനുള്ള ഉത്തരവുകളിറക്കിയെങ്കിലും അതൊന്നും പൂര്‍ണ്ണമായി ഫലം കണ്ടില്ല. 1865 ല്‍ ബ്രിട്ടീഷ് സമ്മര്‍ദ്ദത്തിനു വഴങ്ങി വസ്ത്രധാരണത്തിനുണ്ടായിരുന്ന മുഴുവന്‍ നിയന്ത്രണങ്ങളും നീക്കിയതോടെ ചാന്നാര്‍ കലാപം വിജയം കണ്ടു. അധീശത്വത്തിനെതിരായ കീഴാള ജനതയുടെ ആദ്യ വിജയമായിരുന്നു ഈ സമരം. കേരള നവോത്ഥാനത്തിന്റെ തുടക്കമായും ഇതിനെ വിശേഷിപ്പിക്കാം. മാറുമറയ്ക്കല്‍ സമരത്തിന്റെ ഉജ്ജ്വലമായ അദ്ധ്യായങ്ങളിലേക്ക് നമുക്ക് പ്രവേശിക്കാം.