ഇത് എന്റെ ആദ്യ പുസ്തകമാണ്. ആദ്യമായി നിങ്ങളുടെ മുന്നിലേയ്ക്ക് വരുമ്പോൾ എനിക്കു നല്ല പേടിയുണ്ട്. ഞാൻ ആരാണെന്നോ എന്താണെന്നോ ഈ പുസ്തകം കയ്യിൽ ഇരിക്കുന്ന ഈ നിമിഷം പോലും നിങ്ങൾക്കറിയില്ല. എങ്കിലും ഇതെന്റെ വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. ആ സ്വപ്നമാണ് നിങ്ങളുടെ കയ്യിൽ ഇരിക്കുന്നത്. നിങ്ങൾ ഇത് സ്വീകരിക്കുമോ ഇല്ലയോ എന്നു എനിക്ക് ഉറപ്പില്ല. എങ്കിലും ഈ പുസ്തകം നിങ്ങളുടെ കയ്യിൽ ഇരിക്കുന്നതു തന്നെ എനിക്ക് വലിയ സന്തോഷമാണ്. എന്റെ വലിയ വിജയവുമാണ്. ഇതൊരു ചെറിയ പുസ്തകമാണ്. ഇതിൽ വലിയ ചിന്തകളോ പ്രചോദനം പകരുന്ന കാര്യങ്ങളോ ഒന്നും തന്നെയില്ല. ഇതൊരു ഓർമ പുസ്തകമാണ്. ഇരുപതുകളിൽ ജീവിക്കുന്ന ഒരു പെൺകുട്ടി അവളുടെ ഏഴോ എട്ടോ വയസ്സു വരെ മാത്രം കണ്ടിട്ടുള്ള പിന്നീടൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാളെ കുറിച്ച് ഓർത്തെടുക്കുകയാണ് ഈ പുസ്തകത്തിൽ. അവളുടെ ജീവിതത്തിൽ എപ്പോഴും കൂടെയുണ്ടായിരുന്ന ഒരാൾ പെട്ടെന്ന് ഒരു നിമിഷം പോവുകയും വർഷങ്ങൾക്ക് ശേഷം വീണ്ടും അയാളെ പറ്റി കേൾക്കുകയും ചെയ്തപ്പോൾ ആ വ്യക്തി അവളുടെ ജീവിതത്തിൽ എത്ര പ്രാധാന്യമുള്ള ആളായിരുന്നു എന്നു ഓർത്തു പറയുകയാണ്. ആ വ്യക്തിയെ കുറിച്ചുള്ള ഓർമകളാണു ഈ പുസ്തകം. അതു അവളുടെ വീട്ടിലെ ജോലിക്കാരിയായിരുരുന്നു.