ജീവിതമാകെ കരുതല് കൊണ്ട് തണലിട്ടൊരു മനുഷ്യനു വേണ്ടിയുള്ള ഉപഹാരമാണിത്. ഓര്മ്മകള് കൊണ്ടൊരു സ്മരണാജ്ഞലി. ഓര്ത്തുവെക്കാന് ഒരായിരം ഓര്മ്മകള് തന്നൊരു മനുഷ്യനു വേണ്ടിയുള്ള ഓര്മ്മപ്പെയ്ത്ത്. ഓര്മ്മകളേക്കാള് മൂര്ച്ചയുള്ളൊരു കടപ്പാടുമില്ല. മറവിയെന്നാല് മായ്ച്ചുകളയലല്ല. ഓര്മ്മയുടെ ഓരത്തേക്കുള്ള മാറ്റിവെക്കലാണ്. ഓര്ത്തുവെക്കാന് ഒരുപിടി ഓര്മ്മകള് ബാക്കിവെച്ചു പോകുന്ന മനുഷ്യരോളം സുകൃതം ചെയ്തവരുണ്ടാകില്ല. അവരുടെ അസാന്നിധ്യം ശൂന്യതയായി മാറും. അവരിനി ഇല്ലെന്നത് നീറ്റലായി നിറയും. അവരുണ്ടായിരുന്നെങ്കിലെന്നത് ചിന്തകളെ കരയിക്കും. മരിച്ചൊഴിഞ്ഞാലും ഓര്മ്മകള് കൊണ്ട് കളം നിറയുന്നൊരു മനുഷ്യനു വേണ്ടിയുളള മനസ്സ് തൊട്ട പ്രാര്ത്ഥനയാണ് ഈ പുസ്തകം.